ശിവതാണ്ഡവം
പ്രദോഷ നൃത്തം അഥവാ ആനന്ദ താണ്ഡവം എന്നറിയപ്പെടുന്ന പ്രാപഞ്ചിക നൃത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന ശിവനെയാണ് ഈ പാനൽ കാണിക്കുന്നത്. ശിവന്റെ മുഖം ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുന്നു, എന്നാൽ വെളുത്ത നിറമുള്ള, ഇരുവശത്തും 8 വീതം ആകെ 16 കൈകളുള്ള രൂപമായി കാണപ്പെടുന്നു, ഓരോ കൈയിലും വ്യത്യസ്ത ആയുധങ്ങൾ പിടിച്ചിരിക്കുന്നു. വലതു കൈയിൽ ധ്വജസ്തംഭം (കൊടിമരം) ഉണ്ട്, അതിനുമുകളിൽ അദ്ദേഹത്തിന്റെ വാഹനമായ കാളയായ നന്ദി ഇരിക്കുന്നു. പച്ചയും ചുവപ്പും കലർന്ന അടിവസ്ത്രവും കടുവാത്തോലും ധരിച്ചിരിക്കുന്നു. മുകളിലെ ഇടത് കൈകളിലൊന്നിൽ ത്രിശൂലം പിടിച്ചിരിക്കുന്നു. അദ്ദേഹത്തെ ചുറ്റി ഒരു പ്രഭാവലയ വൃത്തമുണ്ട്. അദ്ദേഹത്തിന്റെ കാൽക്കീഴിൽ, പ്രഭാവലയത്തിനുമേൽ വളഞ്ഞു കിടക്കുന്ന അപസ്മാര ഭൂതമുണ്ട്. പച്ചനിറമുള്ള, കോമ്പല്ലുള്ള ഇയാൾ ഒരു കൈകൊണ്ട് സർപ്പത്തിന്റെ വാലും മറുകൈ കൊണ്ട് അതിന്റെ തലയും പിടിച്ചിരിക്കുന്നു. അപസ്മാര ഭൂതത്തിന്റെ തലയ്ക്കു മുകളിൽ, മൂന്ന് കൈകളുള്ള നൃത്താചാര്യൻ ഭൃംഗിയുടെ രൂപം കാണാം. അദ്ദേഹം ശിവന്റെ വലതുവശത്തായി പ്രത്യക്ഷപ്പെടുന്നു. ഏറ്റവും മുകളിലെ കോണിൽ നൃത്തം ആസ്വദിക്കുന്ന വീരഭദ്രനുണ്ട്. അദ്ദേഹത്തിന്റെ രൂപം ഉഗ്രമാണ്. നീലനിറമുള്ള, മൂന്നു കണ്ണുകളുള്ള (നെറ്റിയിൽ ഒരു കണ്ണ്) അദ്ദേഹത്തിന്റെ കാണാവുന്ന മൂന്ന് കൈകളിലും ആയുധങ്ങളുണ്ട്. മുകളിലെ ഇടതു കൈയിൽ വാളും വലതു കൈയിൽ പരിചയും താഴെയുള്ള ഇടതു കൈയിൽ തലയില്ലാത്ത ഒരു മനുഷ്യശരീരത്തെ കുത്തിത്തുളയ്ക്കുന്നതായി തോന്നിക്കുന്ന ത്രിശൂലവുമുണ്ട്. അദ്ദേഹത്തിന്റെ വലതു കാതിൽ ഒരു ആനയും ഇടതു കാതിൽ ഒരു സിംഹവുമുണ്ട്. പാനലിന്റെ അടിഭാഗം ഏറെക്കുറെ നഷ്ടപ്പെട്ടിരിക്കുന്നു, എന്നാൽ ഇടത് അറ്റത്ത് മിഴാവ് വായിക്കുന്ന വിഷ്ണുവിന്റെ രൂപമുണ്ട്. ഗണപതിയും സുബ്രഹ്മണ്യനും സന്നിഹിതരാണ്, എന്നാൽ അവരുടെ രൂപങ്ങൾ മങ്ങിയിരിക്കുന്നു. സുബ്രഹ്മണ്യന്റെ വാഹനമായ മയിലിന്റെ നിഴൽരൂപം കാണാം. താഴെ വലതു കോണിൽ പച്ചനിറമുള്ള പാർവതി നിൽക്കുന്നു. തിരിച്ചറിയാൻ അടയാളങ്ങളില്ലാത്ത, മങ്ങിയ രണ്ട് വെളുത്തതും ഒരു മഞ്ഞനിറമുള്ളതുമായ രൂപങ്ങളുണ്ട്.













