
മലയാളം സംസാരിക്കുന്നവർക്ക് പെരുവനം എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക പ്രശസ്ത ചെണ്ടവാദകനായ പെരുവനം കുട്ടൻ മാരാരെയാണ്. ചെറുതും ശാന്തവുമായ ഈ ഗ്രാമം ചെണ്ടയിലെ ഈ അതികായന്റെ മാത്രമല്ല, പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്ന ഒരു പരമ്പര ചുവർചിത്രങ്ങളുടെയും കൂടി ഇടമാണ്.
ഈ ക്ഷേത്രത്തിൽ ശിവൻ രണ്ട് ഭാവങ്ങളിലായി കുടികൊള്ളുന്നു: ഇരട്ടയപ്പനും മഠത്തിലപ്പനും. ചുവർചിത്രങ്ങളും അലങ്കാരപ്പണികളുള്ള മരശില്പങ്ങളും ചേർന്ന് ഈ സ്ഥലത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന ഒരു വാസ്തുവിദ്യാ വിസ്മയമാണ് ഈ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചതായി കരുതപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് നാട്ടുവിശ്വാസം ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.
ഇരട്ടയപ്പൻ ശ്രീകോവിലിന്റെ ചുവരുകളുടെ പകുതി ഭാഗത്ത് ചുവർചിത്രങ്ങളുണ്ട്. ബാക്കി പകുതിയിലും മുൻപ് ചിത്രങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവ വെള്ളപൂശലിന്റെ പാളികൾക്കടിയിലാണ്. ചിത്രങ്ങൾ ഒരു ആഖ്യാനക്രമം പിന്തുടരുന്നില്ല. ചുവരുകളിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന തൂണുകളാൽ പരസ്പരം വേർതിരിക്കപ്പെട്ട വിവിധ ദേവീദേവന്മാരുടെ ആഖ്യാനേതര ചിത്രീകരണങ്ങളാണ് ഭൂരിഭാഗവും. പാനലുകൾക്കിടയിൽ നിറയ്ക്കാനായി സവിശേഷമായ പുഷ്പാലങ്കാര ഡിസൈനുകളും കാണാം. മോഹിനിയുടെ ചിത്രമുൾപ്പെടെയുള്ള ചില ചിത്രങ്ങൾ സാധാരണ കാണപ്പെടുന്ന ചിത്രീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി യാഥാർത്ഥ്യബോധത്തോടെയാണ് വരച്ചിരിക്കുന്നത്. മിക്കവാറും എല്ലാ ചിത്രങ്ങളും ചുവന്ന പശ്ചാത്തലത്തിലാണ്, മഷിപ്പൂവ് രൂപങ്ങളാൽ അലങ്കരിക്കപ്പെട്ടവയാണ്. വീരളിപ്പട്ട് ഡിസൈനുകളും ഇവിടെ കാണാം.